December 13, 2011

കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


ഇല്ലായ്മകളുടെ നടുവില്‍ ഞെങ്ങി ഞെരുങ്ങുകയാണ് കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. വളരെ പിന്നാക്കം നില്‍ക്കുന്ന പ്രദേശത്ത് ഏറെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയത്തിന് അര്‍ഹതപ്പെട്ടവ ലഭിക്കുന്നില്ലായെന്ന പരാതി. അസൗകര്യങ്ങളെ തോല്പിക്കുന്ന മികവോടെ മൂന്നുവര്‍ഷങ്ങളായി ജില്ലയിലെ ഗവ. ഹൈസ്‌കൂളുകളില്‍ പത്താംതരം വിജയശതമാനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറി മാറി നേടിയതും ഈ വിദ്യാലയം. സ്ഥലപരിമിതിയാണ് പ്രധാന പ്രശ്‌നം. ക്ലാസ് മുറികളില്‍ കുട്ടികള്‍ തിങ്ങിഞെരുങ്ങി ഇരിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഔദാര്യത്തിലാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം നിലകൊള്ളുന്നത്.


ഒമ്പത് ക്ലാസ്മുറികള്‍ വേണ്ടിടത്ത് രണ്ട് ക്ലാസ്മുറികള്‍ മാത്രമാണ് ഹയര്‍സെക്കന്‍ഡറിക്കാര്‍ക്കായുള്ളത്. ബാക്കിയെല്ലാം   ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. 
ലബോറട്ടറികളുടെ സ്ഥിതിയും ഏറെ കഷ്ടം. നാല് പരീക്ഷണശാലകള്‍ ആവശ്യമുള്ളപ്പോള്‍ ഒരു ചെറിയ മുറിയില്‍ പരീക്ഷണവും നിരീക്ഷണവുമെല്ലാം നടക്കുന്നു. സ്മാര്‍ട്ട്‌റൂം എന്ന ആശയം ഇവിടെയില്ല. കുടിവെള്ള ലഭ്യത ഡിസംബര്‍ വരെ മാത്രം. പിന്നെ കുടിവെള്ളത്തിന് ആരുടെയെങ്കിലും കരുണ വേണം.


മൂത്രപ്പുരയും കക്കൂസും വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച്ഇല്ല., 900 ആണ്കുട്ടിക്ക് ഒന്ന് എന്ന ക്രമത്തില്‍.


മുപ്പത്തിയേഴ് വര്‍ഷം പിന്നിട്ടതും 1500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നതുമായ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിനാണ് ഈ ദുര്‍ഗതി.


അസൗകര്യങ്ങളൊന്നും തങ്ങളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും കിണഞ്ഞു പരിശ്രമിക്കുന്നു.