November 4, 2012

ഇതില്‍ വല്ല സത്യവും ഉണ്ടോ? കേട്ടു നോക്കിയിട്ടു പറയാം


നാടുനീളെ ആശുപത്രികളും ഡോക്റ്റർമാരും വർദ്ധിക്കുമ്പോൾ എന്തുകൊണ്ടാണു രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്? പൊതുജനാരോഗ്യമേഖലയിലെ മികച്ച പ്രകടനത്തിന്റെ കൂടി പെരുമയിലായിരുന്നു ‘കേരള മോഡൽ’ വികസന മാതൃക ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടത്.അതിന്റെ അടിസ്ഥാനം സാർവത്രികമായ ആരോഗ്യപരിപാലനസംവിധാനമായിരുന്നു.കുറഞ്ഞ ശിശുമരണനിരക്കു മുതൽ ഒന്നാം ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്നത്ര ആയുർദൈർഘ്യം വരെ അതിന്റെ സദ്ഫലങ്ങളായി രേഖപ്പെടുത്തപ്പെട്ടു. പക്ഷേ,എല്ലാ കണക്കുകൂട്ടലുകളേയും കാറ്റില്പറത്തിക്കൊണ്ട് ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കേരളം ആരോഗ്യരംഗത്ത് വൻ തകർച്ച നേരിടുകയാണു.ഉയർന്ന ജീവിതസാഹചര്യമുള്ളവർ മാരകരോഗങ്ങൾക്കിരയാകുന്ന ഭയാനകമായ അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു.ഒരു ശതമാനത്തോളം വരുന്ന ആദിവാസികൾക്കും ഒരു വിഭാഗം പരമ്പരാഗത മത്സ്യത്തൊഴിലാളിൾക്കുമൊഴികെ ആർക്കും ഇന്ന് പട്ടിണിയും ദാരിദ്ര്യവുമില്ല.ജീവിതനിലവാരം കൂടുന്നതനുസരിച്ച് ആഹാരരീതികളും ജീവിത ശൈലിയും മാറുന്നു.മുൻപ്, സ്വന്തമായി കൃഷി ചെയ്ത് എടുത്ത അരിയും പച്ചക്കറികളുമായിരുന്നു ബഹുഭൂരിപക്ഷവും കഴിച്ചിരുന്നതെങ്കിൽ ഇന്ന് രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുണ്ടാക്കിയ സാധനങ്ങളാണു മുഖ്യാഹാരം.തലമുറകളായി ശീലിച്ചുവന്ന എല്ലാ ആഹാരരീതികളോടും മിക്കവരും വിടപറഞ്ഞിരിക്കുന്നു.നമ്മുടെ അടുക്കളകളിൽ നിന്നാണു രോഗങ്ങൾ ഉത്ഭവിക്കുന്നതെന്നു പറയാൻ ഇന്ന് ആർക്കും രണ്ടുവട്ടം ആലോച്ചിക്കേണ്ടതില്ല.