July 2, 2012

സഹപാഠി വലിച്ചെറിഞ്ഞ പേന വിദ്യാര്‍ഥിയുടെ കാഴ്ചയെടുത്തു.

ചെന്നൈ: ക്ലാസ് മുറിയില്‍ വലിച്ചെറിഞ്ഞ പേനകൊണ്ട് വിദ്യാര്‍ഥിയുടെ കണ്ണിന്റെ കാഴ്ചപോയ സംഭവത്തില്‍ പോലീസ് സ്‌കൂള്‍ ഹെഡ് മാസ്റ്ററുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പുരസവാക്കത്തെ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംകളാസ് വിദ്യാര്‍ഥി മഹേഷിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ധര്‍മരാജിന് എതിരെ കില്‍പ്പോക്ക് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂട്ടിക്ക് ഉടനെ മികച്ച ചികിത്സ നല്‍കാനും ചികിത്സയ്ക്ക് ആവശ്യമായ പണം എര്‍പ്പെടുത്തുന്നതിലും പരാജയപ്പെട്ടുവെന്നാരോപിച്ചാണ് കേസ്.കഴിഞ്ഞ മാസം 24-ന് ആറാം ക്ലാസില്‍ ഡ്രോയിങ് ക്ലാസ് നടന്നുകൊണ്ടിരിക്കെ നിലത്തു വീണുകിടന്നിരുന്ന ഒരു പേന വിദ്യാര്‍ഥിയായ കാര്‍ത്തിക് കണ്ടെടുത്തു. ഈ പേന ആരുടെയാണെന്ന് കാര്‍ത്തിക്ക് ചോദിച്ചു. മറ്റൊരു വിദ്യാര്‍ഥി പേന തന്റെതാണെന്ന് അറിയിച്ചതോടെ പേന വിദ്യാര്‍ഥി നിന്ന ഭാഗത്തേക്ക് വലിച്ചെറിഞ്ഞു.എന്നാല്‍ പേന മഹേഷിന്റെ കണ്ണില്‍ തട്ടി താഴെ വീണു.പേനയുടെ നിമ്പ്‌കൊണ്ട് കണ്ണിനകത്ത് പരിക്കേറ്റതിനാല്‍ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിച്ചു. കൂട്ടിയെ ഗവണ്‍മെന്‍റ് കണ്ണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനേറ്റ പരിക്ക് ഗുരുതരമാണെന്നും കാഴ്ചയെ ബാധിക്കുമെന്നും മികച്ച ചികില്‍സയ്ക്കും മറ്റ് പരിശോധനയ്ക്കുമായി കുടുതല്‍ ചെലവ് വരുമെന്നും ഡോക്ടര്‍ മാര്‍ രക്ഷിതാക്കളെ അറയിച്ചു. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ പണമില്ലെന്നും സഹായിക്കണമെന്നും രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ അനുകൂല നിലപാട് എടുത്തില്ല.

രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കില്‍പ്പോക്ക് പോലീസ് ഹെഡ്മാസ്റ്ററെ കണ്ടു. മഹേഷ് പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും ചെലവ് സ്‌കൂള്‍ അധികൃതര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിറ്റിപോലീസ് കമ്മീഷണറെ കണ്ട് ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് കാരണമായതെന്ന് പോലീസ് പറഞ്ഞു. മികച്ച ചികിത്സ സ്‌കൂള്‍ അധികൃതര്‍ ഇടപ്പെട്ടു നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ മഹേഷിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 
(മാതൃഭൂമി വാര്‍ത്തയോട് കടപ്പാട്)