February 28, 2012

ഗുണനിലവാരം അളക്കാന്‍ പരീക്ഷ

മലപ്പുറം: കാരക്കുന്ന് ഗവ. ഹൈസ്‌കൂളില്‍ ഗുണനിലവാരം അളക്കാന്‍ പരീക്ഷ. ദേശീയ പാഠ്യപദ്ധതി നടപ്പാക്കിയശേഷം ഹൈസ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ പഠന, ബൗദ്ധിക ഗുണനിലവാരം പരിശോധിക്കാന്‍ പരീക്ഷ നടത്തുന്നു. സംസ്ഥാനത്തെ എട്ടുജില്ലകളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ട 250 സ്‌കൂളുകളിലാണിത് നടക്കുക. ദേശീയ ഗുണനിലവാര സര്‍വേ (എന്‍.എ.എസ്) എന്നാണ് പരീക്ഷയുടെ പേര്. ഓരോ സ്‌കൂളിലെയും എട്ടാംക്ലാസ്സിലെ 40 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.കാരക്കുന്ന് ഗവ. ഹൈസ്‌കൂളിലും ഗുണനിലവാരം അളക്കാന്‍ പരീക്ഷ നടക്കുന്നുണ്ട്.

മാതൃഭാഷ, ഗണിതം, സാമൂഹികശാസ്ത്രം, സയന്‍സ് എന്നീ വിഷയങ്ങളാണ് ഉള്ളത്. മലപ്പുറം ജില്ലയില്‍ 59 സ്‌കൂളുകളില്‍ നടത്തുന്ന പരീക്ഷ തിങ്കളാഴ്ച തുടങ്ങി. മാര്‍ച്ച് രണ്ടിന് അവസാനിക്കും. വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ നടക്കുന്ന മറ്റുജില്ലകള്‍. സംസ്ഥാനതലത്തില്‍ എസ്.സി.ആര്‍.ടിയും ജില്ലാതലത്തില്‍ ഡയറ്റും ആണ് പരീക്ഷാച്ചുമതലക്കാര്‍.

ദേശീയതലത്തില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമാണീ ഗുണനിലവാര സര്‍വേ. ഇതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ മാര്‍ഗരേഖയും ചോദ്യാവലിയും അനുസരിച്ചാണ് പരീക്ഷ.

2005ല്‍ ദേശീയ പാഠ്യപദ്ധതി രാജ്യത്ത് നടപ്പാക്കിയശേഷം സ്‌കൂളുകളില്‍ സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ, വിദ്യാലയ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 2007ലാണ് കേരളത്തില്‍ ദേശീയ പാഠ്യപദ്ധതി നടപ്പാക്കിയത്. ഇതിനുശേഷം ഹൈസ്‌കൂളുകളില്‍ നടത്തുന്ന ആദ്യത്തെ ഗുണനിലവാര പരീക്ഷയാണ് ഇപ്പോഴത്തേത്.